Google history in malayalam
ഗൂഗിളിന് ഇന്ന് 20 വയസ്. ഏതൊരു സംരഭത്തിനും പ്രചോദനമാണ് ഗൂഗിളിന്റെ കഥ. ഒരു ഗ്യാരേജിൽ നിന്ന് തുടങ്ങി ലോകത്തിലെ എറ്റവും വലിയ കോർപ്പറേറ്റ് ഭീമനായി മാറിയ ഗൂഗിൾ ഇരുപത് വർഷത്തിനിടെ ഉണ്ടാക്കിയ വിവാദങ്ങളും ധാരാളമാണ്.
വർഷം 1996 സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പിഎച്ഡി വിദ്യാർത്ഥികളായ ലാരി പേജും സെർജറി ബിന്നും ചേർന്ന് ഒരു പുതിയ സെർച്ച് എൻജിൻ നിർമ്മിക്കാനുള്ള ഗവേഷണം ആരംഭിച്ചു. 1998 സെപ്റ്റംബറിൽ അത് യാഥാർത്ഥ്യമായി. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ഒരു ഗാരേജിൽ ഗൂഗിൾ പിറന്നു. സൺ മൈക്രോസിസ്റ്റം സഹസ്ഥാപകൻ ആൻഡി ബെച്റ്റോൾഷൈം നൽകിയ , ഒരു ലക്ഷം ഡോളറായിരുന്നു ആദ്യ മൂലധനം, പിന്നാലെ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും , സ്റ്റാൻഫോർ യൂണിവേഴ്സിറ്റി കംപ്യൂട്ടർ സയൻസ് പ്രഫസർ ഡേവിഡ് ചെറിട്ടൺ ,ഇന്ത്യൻ വംശജനായ രാം ശ്രീറാം എന്നിവരും നിക്ഷേപവുമായെത്തിയതോടെ ഗൂഗിൾ വളരാനാരംഭിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വെറും ഒരു സെർച്ച് എൻജിൻ എന്നതിനുപരി ഇന്‍റർനെറ്റ് സമം ഗൂഗിൾ എന്ന നിലയിലേക്കെത്തി കാര്യങ്ങൾ, ജിമെയിലും, യൂട്യൂബും, ഗൂഗിൾ മാപ്പും, ഗൂഗിൾ പേയും ക്രോം ബ്രൗസറുമെല്ലാം ഗൂഗിൾ എന്ന മഞ്ഞു മലയുടെ ഒരറ്റം മാത്രം.
ഡ്രൈവറില്ലാ കാറും, ബയോടെക്നോളജിയും ,ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും, മെഷീൻ ലേണിങ്ങും , വെർച്ച്വൽ റിയാലിറ്റിയും ആഗുമെന്‍റഡ് റിയാലിറ്റിയും, ബഹിരാകാശ ഗവേഷണവും അടക്കം കൈവയ്ക്കാൻ ഇനി മേഖലകൾ ബാക്കിയില്ല ഗൂഗിളിന്. ഇതിനിടയിൽ അല്പമൊന്ന് കാലിടറിയത് സോഷ്യൽ മീഡിയ രംഗത്ത് മാർക്ക് സുക്കർബർഗിന്‍റെ ഫേസ്ബുക്കിന് മുന്നിൽ മുട്ടുകുത്തിയ ഗൂഗിൾ പക്ഷേ യൂട്യൂബ് എന്ന തങ്ങളുടെ പഴയ പടക്കുതിരയെ ശക്തിപ്പെടുത്തി വീണ്ടും കുതിക്കുകയാണ്. എന്നാൽ ഈ കുതിപ്പിനിടയിലും ഏറെ വിവാദങ്ങൾക്കും ഗൂഗിൾ തിരികൊളുത്തിയിട്ടുണ്ട്
ഉപഭോക്താക്കളുടെ വിവരങ്ങൾ വിറ്റ് കാശാക്കുന്നുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതല്ലെന്ന് പലകുറി തെളിഞ്ഞതാണ്. ആൻഡ്രോയിഡ് വഴി തങ്ങളുടെ കുത്തക അരക്കിട്ടുറപ്പിച്ച ഗൂഗിളിന് ആരോഗ്യകരമായ മത്സരമില്ലാതാക്കിയെന്ന കുറ്റത്തിന് യൂറോപ്യൻ യൂണിയൻ റെക്കോർഡ് പിഴ ഇട്ടത് ഈ വർഷം ജൂലൈ പതിനെട്ടിന്, പിഴ അടക്കില്ലെന്നും പ്രവർത്തന രീതി മാറ്റില്ലെന്നും ഗൂഗിൾ അന്ന് തന്നെ വ്യക്തമാക്കി.
ഡ്രാഗൺ ഫ്ലൈ എന്ന പേരിൽ ചൈനയ്ക്കായി സെൻസർ ചെയ്ത സെർച്ച് എൻജിൻ വികസിപ്പിക്കുകയാണ് ഗൂഗിൾ എന്നതാണ് വിവാദമായ എറ്റവും പുതിയ വാർത്ത. നടപടിയിൽ പ്രതിഷേധിച്ച് നിരവധി പേർ ഗൂഗിളിൽ നിന്ന് രാജി വച്ചതായും റിപ്പോർട്ടുകളുണ്ട്.എന്നാൽ വിവാദങ്ങൾക്കിടയിലും ഗൂഗിൾ മുന്നോട്ട് നീങ്ങുകയാണ്, ആൻഡ്രോയിഡിന് പകരം ഫ്യൂഷിയ ഓഎസ് അവതരിപ്പിക്കാനുള്ള നീക്കങ്ങൾ തകൃതിയായി മുന്നേറുന്നു. ഗൂഗിൾ അസിസ്റ്റന്‍റ് അനുദിനം മെച്ചപ്പെടുന്നു. സെർച്ചിങ്ങിൽ കൂടുതൽ വേഗതയും കണിശതയും കൈവരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇനിയുമെന്തൊക്കെ അത്ഭുതങ്ങൾ പുറത്തുവരുമെന്ന് കാത്തിരുന്ന് തന്നെ കാണണം, എന്തായാലും തങ്ങളുടെ മുന്നേറ്റത്തിന് പിന്തുണ നൽകിയവർക്ക് മലയാളമടക്കമുള്ള ഭാഷകളിൽ നന്ദി പറഞ്ഞു കൊണ്ടുള്ള ഡൂഡിലിലൂടെയാണ് ഗൂഗിൾ ഇരുപതാം പിറന്നാൾ ആഘോഷിച്ചിരിക്കുന്നത്. അത് കൊണ്ട് പ്രതീക്ഷയോടെ കാത്തിരിക്കാം ലോക ജനതയെ ഒരർത്ഥത്തിൽ അടിമകളാക്കിയ ഗൂഗിളിന്‍റെ അടുത്ത നീക്കത്തിനായി